പാവറട്ടി തിരുനാള്‍: രൂപക്കൂട് അലങ്കാരങ്ങള്‍ തകൃതിയില്‍

സെന്‍റ് ജോസഫ്സ് തീര്‍ഥകേന്ദ്രത്തിലെ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ തിരുസ്വരൂപങ്ങള്‍ എഴുന്നള്ളിച്ച് വയ്ക്കുന്നതിനുള്ള രൂപക്കൂട് അലങ്കാരങ്ങള്‍ പൂര്‍ത്തിയാകുന്നു. കുന്നത്തങ്ങാടി സ്വദേശി ചാഴൂര്‍ എട്ടുപറന്പില്‍ പൗലോസിന്‍റെ മകന്‍ ലോറന്‍സിന്‍റെ നേതൃത്വത്തിലാണ് വര്‍ണക്കടലാസുകള്‍ പൊതിഞ്ഞ് രൂപക്കൂട് മനോഹരമാക്കുന്നത്. പിതാവിനൊപ്പംവന്ന് കൗതുകത്തോടെ അലങ്കാരപണികള്‍ കണ്ടുപടിച്ച ലോറന്‍സിന് ഇന്ന് രൂപക്കൂട് അലങ്കാരം ഒരു നിയോഗമാണ്. 

ഒരു ജോലി എന്നതിനേക്കാള്‍ വ്രതശുദ്ധിയോടെയുള്ള കര്‍മവും നിയോഗവുമായാണ് ലോറന്‍സ് രൂപക്കാട് അലങ്കാരം കാണുന്നത്. പല ദേവാലയങ്ങളിലും നവീനരീതിയിലുള്ള കനംകുറഞ്ഞ രൂപക്കൂടുകള്‍ സ്ഥാനം പിടിച്ചെങ്കിലും പാരന്പര്യമുള്ള പഴയദേവാലയങ്ങളില്‍ ഇപ്പോഴും മരംകൊണ്ടുള്ള കനംകൂടിയ രൂപക്കൂടുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. 

ശനിയാഴ്ച വൈകീട്ട് നടക്കുന്ന ഭക്തിസാന്ദ്രമായ കൂടുതുറക്കല്‍ ശുശ്രൂഷയ്ക്കുശേഷം വിശുദ്ധ യൗസേപ്പിതാവിന്‍റേയും പരിശുദ്ധ കന്യകാമറിയത്തിന്‍റേയും വിശുദ്ധ പത്രോസ് ശ്ലീഹായുടെയും തിരുസ്വരൂപങ്ങള്‍ ഭക്തജനങ്ങള്‍ക്ക് വണങ്ങുന്നതിനായി ഈ രൂപക്കൂട്ടിലാണ് വയ്ക്കുക. 

തിരുനാള്‍ദിവസമായ ഞായറാഴ്ച രാവിലെയുള്ള തിരുനാള്‍ ഗാനപൂജയെത്തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രതിഷ്ഠിച്ച രൂപക്കൂടുകള്‍ വഹിച്ചുകൊണ്ടാണ് ഭക്തിനിര്‍ഭരവും ആകര്‍ഷകവുായ തിരുനാള്‍ പ്രദക്ഷിണം നടക്കുക. കമനീയമായി അലങ്കരിച്ച പ്രദക്ഷിണവീഥിയിലൂടെ വാദ്യമേളങ്ങളുടെ അകന്പടിയോടെ പ്രദക്ഷിണം പുറപ്പെടുന്പോള്‍ വിശുദ്ധ യൗസേപ്പിതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ഥനാമന്ത്രം ഉരുവിട്ട് പ്രദക്ഷിണവീഥിയുടെ ഇരുഭാഗത്തും ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഒത്തുകൂടുക. 

About the author

SIMON PAVARATTY
PSMVHSS Kattoor, Thrissur

Post a Comment